വാര്‍ത്താസമ്മേളനത്തിനെത്താന്‍ വൈകി; വി ഡി സതീശനെ അസഭ്യം പറഞ്ഞ് കെ സുധാകരന്‍

Update: 2024-02-24 09:38 GMT

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് വൈകിയെത്തിയതിലുള്ള നീരസം പരസ്യമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരന്‍ ചോദിക്കുന്ന വീഡിയോയാണ് പുറത്തായത്. ഇതിനിടെ, അസഭ്യം പറയുന്നതും കേള്‍ക്കുന്നുണ്ട്. 20 മുനിട്ട് സുധാകരന്‍ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു. വാര്‍ത്താസമ്മേളനത്തിന് എത്താന്‍ സതീശന്‍ വൈകിയപ്പോള്‍ സമീപത്തിരുന്ന ബാബു പ്രസാദ് ഫോണില്‍ വിളിച്ച് സുധാകരന്‍ കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരന്‍ നീരസം പ്രകടമാക്കിയത്. പത്രക്കാരോട് വരാന്‍ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരന്‍ ചോദിക്കുമ്പോള്‍ മൈക്കും കാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സതീശന്‍ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്. നേരത്തെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. കോണ്‍ഗ്രസ് നടത്തുന്ന സമരാഗ്‌നി ജാഥയുമായി ബന്ധപ്പെട്ടാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നത്. ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള സാന്നിധ്യത്തിലായിരുന്നു സംഭവം.

Tags: