കെ രാജന്‍ നടത്തിയത് നാടകം, ചോര്‍ച്ച നോക്കേണ്ടത് എന്‍ജിനീയറാണ്, മന്ത്രിയല്ല; വി ഡി സതീശന്‍

Update: 2026-04-19 06:39 GMT

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടിന്റെ വിള്ളല്‍ റവന്യൂ മന്ത്രി കെ രാജന്‍ പരിശോധിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി കെ രാജന്‍ നടത്തിയത് നാടകമെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ചോര്‍ച്ച പരിശോധിക്കേണ്ടത് എന്‍ജിനീയര്‍മാരാണ്, മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് കാണിച്ച കാപട്യമാണ് ഉദ്ഘാടനമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മന്ത്രിയുടേത് നാടകമാണ്. മന്ത്രിയാണോ ചോര്‍ച്ച പരിശോധിക്കേണ്ടത്. പാലം വീണോയെന്ന് മന്ത്രിയാണോ പരിശോധിക്കേണ്ടത്. മന്ത്രിക്ക് ഇതുമായി എന്താണ് ബന്ധം. ഗുരുതരമായ ക്രമക്കേടാണ് ആരോപിക്കപ്പെട്ടത്. ഏച്ചുകെട്ടിയ ഉദ്ഘാടനമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബോര്‍ഡുകള്‍വെച്ചും മറ്റും ആഘോഷമാക്കിയ ആ ഉദ്ഘാടനത്തിനുശേഷം ഒരാള്‍ക്കുപോലും അതിനകത്ത് താമസിക്കാനായില്ല. തെറ്റായ പ്രചാരണം നടത്തിയത് ഓരോന്നായി പുറത്തുവരികയാണ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ക്കൊക്കെ കാലം മറുപടി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: