കെ റെയില്‍ പ്രതിഷേധം;കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,പോലിസ് ജല പീരങ്കി പ്രയോഗിച്ചു

കലക്ട്രേറ്റ് വളപ്പില്‍ പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്

Update: 2022-03-24 09:06 GMT

കോഴിക്കോട്:കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ട്രറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധത്തിനു നേരെ പോലിസ് ജല പീരങ്കി പ്രയോഗിച്ചു.കലക്ട്രേറ്റ് വളപ്പില്‍ പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്.

കലക്ട്രേറ്റിന് പുറത്ത് പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടെയാണ് പോലിസ് ജലപീരങ്കി പ്രയോഗിച്ചത്.കലക്ട്രേറ്റിലേക്ക് കയറാന്‍ സാധിക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനിപ്പുറത്ത് കെ റെയില്‍ കുറ്റി സ്ഥാപിക്കുകയായിരുന്നു.

രണ്ടു തവണയാണ് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചത്.പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലിസ് രണ്ടു തവണ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

ടി സിദ്ധീഖ് എംഎല്‍എയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെവിടെയും കെറെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലക്ട്രേറ്റുകളിലേക്ക് സമാനമായ രീതിയില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News