രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍

Update: 2025-11-26 07:11 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍. എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണെന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിന് വോട്ട് ചെയ്തവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ ഇല്ലയോ എന്നത് ആ ഘടകങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ അദ്ദേഹത്തിന് പ്രവേശനമില്ല. സ്ഥാനാര്‍ഥിയോടുള്ള ഇഷ്ടം കാരണം പ്രചാരണം നടത്തുന്നവരുമുണ്ടല്ലോ. അങ്ങനെ കണ്ടാല്‍ മതിയെന്നും മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണമെന്നും അദ്ദേഹം നിരപരാധിയാണെന്നുമായിരുന്നു കഴിഞ്ഞദിവസം കെ സുധാകരന്‍ പറഞ്ഞതെങ്കില്‍ രാഹുല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. രാഹുലിനെതിരേ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല്‍ ആരോപണങ്ങളില്‍ മൗനം പാലിക്കുന്ന നിലപാടായിരുന്നു കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സ്വീകരിച്ചത്.

Tags: