വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്ന് കെ മുരളീധരന്‍. സ്ഥലം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയിട്ടുണ്ട്. 100 വീടെന്ന വാഗ്ദാനം തങ്ങള്‍ പാലിക്കുമെന്നും ഉടന്‍ വീടുപണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വീടുകളുടെ പണി പൂര്‍ത്തിയായിട്ടില്ലെന്നും അത് ആളുകളെ പറ്റക്കല്‍ പരിപാടിയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പറ്റിച്ച ആള്‍ ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
ജനവിധി രേഖപ്പെടുത്തിയതിന് ശേഷവും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. അതാണ് പേരാമ്പ്രയില്‍ കണ്ടത്. സ്‌ട്രോങ് റൂമിന് അടുത്തേക്ക് ആരും പോകേണ്ട ആവശ്യമില്ല. സ്ഥാനാര്‍ത്ഥികളുടെ ഏജന്റ്മാര്‍ക്ക് പുറത്തു വീക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതല്ലാതെ ആരും സ്‌ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോകേണ്ട കാര്യമില്ല. പേരാമ്പ്രയില്‍ ചെയ്തത് തെറ്റ്. സ്‌ട്രോങ്ങ് റൂമിന് അടുത്താണോ മെറ്റീരിയല്‍ സൂക്ഷിക്കുന്നത്. കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. വോട്ടിങ് യന്ത്രങ്ങള്‍ പോലും മാറ്റാന്‍ മടിക്കാത്ത ആളാണ് മുഖ്യമന്ത്രി. പാര്‍ട്ടിയില്‍ ഇല്ലാത്ത പദവികള്‍ ആണ് പിണറായിക്ക് നല്‍കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി.
പിണറായി വിജയന്‍ നക്കിത്തുടച്ച ഖജനാവാണ് ഇപ്പോഴുള്ളത്. പൂച്ച പെറ്റ് കിടക്കുന്നു എന്ന് ഇനി പറയാന്‍ കഴിയില്ല. ആ ഖജനാവ് വെച്ചാണ് അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെ കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.