അധസ്ഥിത ജനതയുടെ ആത്മാഭിമാനത്തിനായി ജീവിതം സമര്‍പ്പിച്ച നിര്‍ഭയ പോരാളിയായിരുന്നു കെ കെ കൊച്ച്: സിപിഎ ലത്തീഫ്

Update: 2025-03-13 09:09 GMT

തിരുവനന്തപുരം: അധ:സ്ഥിത ജനതയുടെ ആത്മാഭിമാനത്തിനായി ജീവിതം സമര്‍പ്പിച്ച നിര്‍ഭയ പോരാളിയായിരുന്നു കെ കെ കൊച്ച് എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ചിന്തകന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി കേരളത്തിലെ നവോഥാന മണ്ഡലത്തില്‍ അര നൂറ്റാണ്ടിലേറെ കാലം തലയെടുപ്പോടെ നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മകഥയായ 'ദലിതന്‍' ഏറെ ശ്രദ്ധേയമായ കൃതിയാണ്.

ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരള ചരിത്രവും സമൂഹ രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങി അദ്ദേഹത്തിന്റെ കൃതികളെല്ലാം അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ആത്മരോഷവും അവകാശബോധവും ഉത്തേജിപ്പിക്കുന്നതാണ്. മലയാള ഭാഷ ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ രചനകള്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രചോദനവുമായിരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സൃഹൃത്തുക്കള്‍, സഹൃദയര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളിയാകുന്നതായും സിപിഎ ലത്തീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: