ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തിയെന്ന് അക്കാലത്ത് സുപ്രീംകോടതി കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ എതിര്‍ത്ത താനും പിന്നീട് വന്ന ജസ്റ്റിസ് എ കെ സിക്രിയും വിരമിച്ച ശേഷം മാത്രമാണ് മുരളീധറിനെ കൊളീജിയം സ്ഥലം മാറ്റിയതെന്നും '(ഇന്‍)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീംകോര്‍ട്ട് അറ്റ് 75' എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ലോകുര്‍ എഴുതുന്നു.
ജസ്റ്റിസ് മുരളീധറിന്റെ ഒരു വിധിയായിരുന്നു അദ്ദേഹത്തെ സ്ഥലംമാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിനു പിന്നില്‍. കേന്ദ്രം ആദ്യം സമ്മര്‍ദം ചെലുത്തിയപ്പോള്‍ താന്‍ എതിര്‍ത്തതിനാല്‍ സ്ഥലംമാറ്റം ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തയ്യാറായില്ലെന്ന് ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു. 2018 ഡിസംബറില്‍ താന്‍ സുപ്രിംകോടതിയില്‍നിന്ന് വിരമിച്ചതോടെ സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദം ചെലുത്തി. തനിക്കു പകരം കൊളീജിയത്തിലെത്തിയ ജസ്റ്റിസ് സിക്രിയും സ്ഥലംമാറ്റത്തെ എതിര്‍ത്തു. 2019 മാര്‍ച്ചില്‍ ജസ്റ്റിസ് സിക്രി വിരമിച്ചതോടെ 2020 ഫെബ്രുവരിയില്‍ മുരളീധറിനെ 'സ്വേച്ഛാപരമായി' പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റി. ജസ്റ്റിസ് എസ് എ ബോബ്ഡെയായിരുന്നു അക്കാലത്ത് സുപ്രിംകോടതി ചീഫ്ജസ്റ്റിസ്.
2020ലെ ഡല്‍ഹി സംഘര്‍ഷം കൈകാര്യംചെയ്യുന്നതില്‍ പോലിസിന്റെ നിഷ്‌ക്രിയത്വത്തെ, ഇതുസംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ സ്ഥലംമാറ്റാന്‍ 'അര്‍ധരാത്രി' ഉത്തരവിറക്കിയത് വലിയ ചര്‍ച്ചയായി. ഡല്‍ഹി കലാപക്കേസില്‍ സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമായിരിക്കാം ജസ്റ്റിസ് മുരളീധര്‍ അനുഭവിച്ചതെന്ന് സുപ്രിംകോടതിയില്‍നിന്ന് ഈയിടെ വിരമിച്ച ജസ്റ്റിസ് എ എസ് ഓഖ പറഞ്ഞിരുന്നു.