പെണ്‍കുട്ടികള്‍ക്ക് നീതി; പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഉന്നാവ്, അങ്കിത ഭണ്ഡാരി കേസുകളില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം. അഞ്ച് വനിതാ സാമൂഹ്യപ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തില്‍ അങ്കിത ഭയാന, റിതിക ഇഷ, കാസായ ഹാലിദ് എന്നിവരാണ് പ്രതിഷേധിക്കുന്നത്. പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ തൊട്ടു മുന്നിലായാണ് സ്ത്രീസുരക്ഷാ വിഷയം ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. വളരെ അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്റ് പരിസരത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകാറുള്ളത്. ഉന്നാവ് കേസ് അടക്കമുള്ള രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നിതി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
പാര്‍ലമെന്റ് പരിസരത്ത് നിന്നും പ്രതിഷേധത്തില്‍ നിന്നും മാറണമെന്ന് പോലിസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഇവിടെ നിന്നും മാറുകയില്ലെന്നും സമരം തുടരുമെന്നുമുള്ള നിലപാടിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവോയിലെ ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ടു നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നും ഇവിടെ നിന്നും മാറാമെന്നുമാണ് ഇവര്‍ പറയുന്നത്. 'ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,' പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പാര്‍ലമെന്റ് പരിസരം അതീവ സുരക്ഷാ മേഖലയാണെന്നും ഇവിടെ പ്രതിഷേധിക്കാന്‍ അനുവാദമില്ലെന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളോട് 'ബലാത്സംഗം ചെയ്യാനും ഇവിടെ ആര്‍ക്കും അനുവാദമില്ല' എന്നായിരുന്നു അവരുടെ മറുപടി. 'ഞങ്ങള്‍ തീര്‍ത്തും സമാധാനപരമായാണ് ഇവിടെ പ്രതിഷേധിക്കുന്നത്. പ്രതീകാത്മകമായി ഞങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിക്കുകയാണ്. പാര്‍ലെമെന്റിന് അകത്തിരിക്കുന്നവര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നിയമനിര്‍മാണം നടത്തണം,' അവര്‍ കൂട്ടിച്ചേര്‍ത്തു.
റായ്ബറേലിയില്‍ നടന്ന വാഹനാപകടത്തില്‍ അതിജീവിതയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസില്‍ കുല്‍ദീപിനും കൂട്ടാളികള്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കുല്‍ദീപിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.
ഉന്നാവ് ബലാത്സംഗ കേസില്‍ സിബിഐ ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ധാക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേയാണ് സിബിഐ നടപടി. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

