ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ സുപ്രിംകോടതിക്ക് അധികാരമില്ല: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്
ന്യൂഡല്‍ഹി: ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നത് സുപ്രിം കോടതിയുടെ പരിധിയിലല്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഇടപെടാന്‍ കഴിയില്ലെന്നും ഓരോ തര്‍ക്കവും സ്വഭാവത്തില്‍ വ്യത്യസ്തമായതിനാല്‍ ഏകോപിതമായ സമയപരിധി നിശ്ചയിക്കല്‍ പ്രായോഗികമെല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില ബില്ലുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാം, എന്നാല്‍ ചിലപ്പോള്‍ മൂന്നുമാസത്തിലധികം സമയവും ആവശ്യമായി വരുമെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. എല്ലാ കേസുകളും ഒരേ മാതൃകയില്‍ കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് പദവിയിലെ അവസാന ദിവസത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വിധത്തിലുള്ള സമ്മര്‍ദ്ദവും നേരിട്ടിട്ടില്ലെന്നും ഗവായ് വ്യക്തമാക്കി. വിരമിക്കലിനു ശേഷം ഔദ്യോഗിക പദവി വഹിക്കില്ലെന്നും ഗോത്രവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. സുപ്രിംകോടതിയില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം കുറവായതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി, കൊളീജിയത്തില്‍ സമവായമില്ലാത്തത് പ്രധാന കാരണമെന്നും പല വനിതാ ജഡ്ജിമാരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.