ജഡ്ജിമാര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ കരിയറിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ കരിയറില്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന. ജനപ്രീതിയില്ലാത്ത തീരുമാനങ്ങള്‍ സ്ഥാനക്കയറ്റങ്ങളെയോ കാലാവധി നീട്ടിക്കിട്ടലുകളെയോ ബാധിച്ചാലും, അവര്‍ എപ്പോഴും സത്യപ്രതിജ്ഞയും ജുഡീഷ്യല്‍ ധര്‍മ്മവും പാലിക്കണമെന്നും അവര്‍ പറഞ്ഞു.
ഭരണഘടനയുടെ ഏറ്റവും കുറഞ്ഞ പരിധികള്‍ നിശ്ചയിക്കുന്നത് അടിസ്ഥാന ഘടനാ സിദ്ധാന്തമാണെന്നും, പരിവര്‍ത്തനാത്മക ഭരണഘടനാവാദം അത് വികസിപ്പിക്കുന്നതിനുള്ള ദിശാബോധം നല്‍കുമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ജുഡീഷ്യല്‍ അവലോകനത്തിലൂടെ മാത്രമേ ജുഡീഷ്യറിക്ക് ഈ പരിധികള്‍ നിരീക്ഷിക്കാന്‍ കഴിയൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന്, ജഡ്ജിമാര്‍ക്ക് കാലാവധിയുടെ സുരക്ഷ, സുതാര്യവും വ്യവസ്ഥാപിതവുമായ നിയമന പ്രക്രിയ, ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണം എന്നിവ ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.