ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും

Update: 2025-08-19 07:41 GMT

ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്.സുപ്രിംകോടതി മുന്‍ ജഡ്ജിയും ഗോവയിലെ ആദ്യത്തെ ലോകായുക്തയുമായിരുന്നു ജസ്റ്റിസ് വിരമിച്ച ബി സുദര്‍ശന്‍ റെഡ്ഡി. സെപ്റ്റംബര്‍ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയും മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ സി പി രാധാകൃഷ്ണനെയാണ് റെഡ്ഡി നേരിടുക.

ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയില്‍ ജനിച്ചറെഡ്ഡി 1971 ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുയ തുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 1995 ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005 ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2007 ജനുവരിയില്‍ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2011 ജൂലൈയില്‍ വിരമിച്ചു. അതിനുശേഷം, ഗോവയുടെ ആദ്യത്തെ ലോകായുക്തയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഖര്‍ഗെ മാധ്യമങ്ങളോട് പ്രതികരിച്ചു.



Tags: