ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം; ബെയ്‌ലിന്‍ ദാസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഒളിവില്‍ കഴിയുന്ന ബെയിലിനെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്

Update: 2025-05-15 08:37 GMT

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച സംഭവത്തില്‍, ബെയ്‌ലിന്‍ ദാസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുനന്നത്. ഒളിവിലിരുന്നു കൊണ്ടാണ് ബെയ്‌ലിന്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. താന്‍ ആരെയും ബോധപുര്‍വം മര്‍ദ്ദിച്ചിട്ടില്ല, സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല പ്രകോപനത്തിന്റെ പേരില്‍ മാത്രം ഉണ്ടായ സംഭവമാണ് എല്ലാം എന്നീ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി ഒളിവില്‍ കഴിയുന്ന ബെയിലിനെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഡ്വ. ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു അഭിഭാഷക ശ്യാമിലിയുടെ ആരോപണം.

ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറഞ്ഞു.അതേസമയം അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകന്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു. അഭിഭാഷകനെ ഓഫീസിനകത്ത് കയറി അറസ്റ്റ് ചെയ്യാന്‍ അഭിഭാഷക സംഘടന പോലിസിനെ അനുവദിച്ചില്ലെന്നും ശ്യാമിലി ആരോപിച്ചിരുന്നു.

Tags: