കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ. കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് നിർമാതാക്കൾ കോടതിയെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഇന്ന് രാവിലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിക്കുകയായിരുന്നു.
ജാനകി എന്ന പേരിനൊപ്പം ഇനീഷ്യൽ വക്കാനും കോടതിയിൽ പേര് വരുന്ന സന്ദർഭം മ്യൂട്ട് ചെയ്യാനുമായിരുന്നു സെൻസർ ബോർഡിൻ്റെ നിർദേശം. നേരത്തെ 96 മാറ്റങ്ങൾ വരുത്താനാണ് സെൻസർ ബോർഡ് പറഞ്ഞിരുന്നത്. നേരത്തെ,കേസ് പരിഗണിച്ച കോടതി ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് ചോദിച്ചിരുന്നു.
ജാനകി എന്ന പേര് സിനിമയുടെ നിർമാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നാണ് സെൻസർ ബോർഡ് സത്യവാങ് മൂലത്തിൽ പറയുന്നത്. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേ സമയം പേരുമാറ്റിയതിൽ നിരാശയില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഇനി സിനിമയുടെ പേര് ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരിക്കും പേരെന്ന് സംവിധായകൻ അറിയിച്ചു.