ഹിസ്ബുല്ല ആയുധം കൈമാറണമെന്ന് ലബ്‌നാന്‍ പ്രസിഡന്റ്

Update: 2025-07-31 09:26 GMT

ബെയ്‌റൂത്ത്: ഹിസ്ബുല്ലയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സൈന്യത്തിന് ആയുധങ്ങള്‍ കൈമാറണമെന്ന് ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് അഔന്‍. രാജ്യത്ത് സര്‍ക്കാര്‍ സൈന്യമല്ലാതെ മറ്റൊരു വിഭാഗങ്ങളും ആയുധങ്ങള്‍ കൈവശം വയ്ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സിറിയയിലെ പ്രത്യേക യുഎസ് പ്രതിനിധി ടോം ബരാക്ക് ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. തെക്കന്‍ ലബ്‌നാനില്‍ നിന്നും ഇസ്രായേലി സൈന്യം പിന്‍മാറുമെന്നും പുതിയ ആക്രമണങ്ങള്‍ നടത്തില്ലെന്നും പകരമായി ഹിസ്ബുല്ല ആയുധങ്ങള്‍ ലബ്‌നാന്‍ സൈന്യത്തിന് കൈമാറണമെന്നുമാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ ലബ്‌നാന്‍ സൈന്യത്തിന് പത്തുവര്‍ഷം യുഎസ് 100 കോടി ഡോളറിന്റെ സഹായം നല്‍കും. കൂടാതെ ലബ്‌നാന്റെ പുനര്‍നിര്‍മാണത്തിലും സഹായം നല്‍കും. എന്നാല്‍, ഇത് ലബ്‌നാനികളെ ഇസ്രായേലി സൈന്യത്തിന് കീഴ്‌പ്പെടുത്തുന്ന നടപടിയാണെന്ന് ഹിസ്ബുല്ല ചൂണ്ടിക്കാട്ടി. ഹിസ്ബുല്ല ലബ്‌നാനില്‍ ഇല്ലാത്ത കാലത്ത് പോലും സയണിസ്റ്റുകള്‍ ലബ്‌നാനില്‍ അധിനിവേശം നടത്തി. അവരെ പുറത്താക്കാനാണ് സംഘടന രൂപീകരിച്ചതെന്നും ഹിസ്ബുല്ല വിശദീകരിച്ചു.