ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുമായി ജെഎന്‍യു
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിെരേ ജെഎന്‍യു സര്‍വകലാശാലയുടെ നടപടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി പോലിസിന് സര്‍വകലാശാല കത്തെഴുതി. ആക്ഷേപകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് സര്‍വകലാശാലയുടെ ആരോപണം.
യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പടെ 35 പേര്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അധിതി മിശ്ര, ഗോപിക ബാബു, സുനില്‍ യാദവ്, ദാനിഷ് അലി, സാദ് അസ്മി, മെഹബൂബ് ഇലാഹി, കനിഷ്‌ക്, തുടങ്ങിയവരുടെ പേരുകളാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്, ഷിഫാഉര്‍റഹ്‌മാന്‍ എന്നിവര്‍ക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.