ജമ്മുകശ്മീരിലെ പുസ്തക നിരോധനം ഹൈക്കോടതി പരിശോധിക്കും

Update: 2025-09-30 12:50 GMT

ശ്രീനഗര്‍: ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചെന്ന ആരോപണം ഉന്നയിച്ച് പ്രശസ്ത പണ്ഡിതനായ അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനിയുടെയും അരുന്ധതി റോയിയുടെയും പുസ്തകങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ജമ്മുകശ്മീര്‍ ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് പരിശോധിക്കും. സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ സുമന്ത ബോസ്, മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുക.

മൊത്തം 25 പുസ്തകങ്ങളാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചത്. നൂറാനിയുടെ ' ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012, അരുന്ധതി റോയിയുടെ ആസാദി, സുമന്ത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദി ക്രോസ്റോഡ്സ്, അനുരാധ ബാസിന്റെ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് കശ്മീര്‍ ആഫ്റ്റര്‍ ആര്‍ട്ടിക്കിള്‍ 370, എസ്സാര്‍ ബത്തൂലിന്റെ ഡു യു റിമമ്പര്‍ കുനാന്‍ പൊഷ്പോര, ഡോ.ഷംഷാദ് ഷാനിന്റെ യുഎസ്എ ആന്‍ഡ് കശ്മീര്‍, രാധിക ഗുപ്തയുടെ ഫ്രീഡം കാപ്റ്റിവിറ്റി, ഇമാം ഹസന്‍ അല്‍ ബാനയുടെ മുജാഹിദ് കീ അസാന്‍, വിക്ടോറിയ ഷെഫോള്‍ഡിന്റെ കശ്മീര്‍ ഇന്‍ കോണ്‍ഫല്‍ക്റ്റ്, ക്രിസ്റ്റഫര്‍ സ്നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ എന്നീ പുസ്തകങ്ങളാണ് നിരോധിച്ചത്. ഈ പുസ്തകങ്ങള്‍ യുവാക്കളെ തെറ്റിധരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അന്വേഷണങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും കണ്ടെത്തിയെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് പറയുന്നു. നേരത്തെ മൗലാനാ മൗദൂദിയുടെ പുസ്തകങ്ങള്‍ക്കെതിരേ സമാനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.