മദ്‌റസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കും: ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

Update: 2025-05-23 13:10 GMT

ലഖ്‌നോ: മദ്‌റസകള്‍ അടച്ചുപൂട്ടുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. സംസ്ഥാന പ്രസിഡന്റ് മൗലാനാ അഷാദ് റാഷിദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനസമിതി യോഗമാണ് തീരുമാനമെടുത്തത്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയിലെ ബഹ്‌റൈച്ച്, ശ്രവാസ്തി, ബല്‍രാംപൂര്‍, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളില്‍ അടുത്തിടെ നൂറുകണക്കിന് മദ്‌റസകളും പള്ളികളും സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ലീഗല്‍ അഡൈ്വസറായ മൗലാനാ കാബ് റാഷിദി വിശദീകരിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മദ്‌റസകള്‍ക്ക് സംരക്ഷണമുണ്ടെന്നും ഇത് 2014ല്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ശരിവച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിംകളില്‍ നൂറു ശതമാനം സാക്ഷരത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.