വഖ്ഫ് ഭേദഗതി നിയമം ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളി: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരള

Update: 2025-05-25 13:22 GMT

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി മുസ്‌ലിം സമുദായത്തോട് മാത്രമല്ല ജനാധിപത്യ മതേതര സമൂഹത്തോടു കൂടിയുള്ള വെല്ലുവിളിയാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ ജംഇയ്യത്തിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നു വരുന്ന നിയമ പോരാട്ടങ്ങളും സമാധാന പൂര്‍ണ്ണമായ പ്രതിഷേധങ്ങളും ഈ രാജ്യത്തെ എല്ലാ മത വിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെന്നും കേരളത്തിലും നിയമ വിധേയമായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഇതിനായി ജനാതിപത്യ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സഹകരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ജംഇയ്യത്ത് ഇതിനായി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. നിയമ വ്യവസ്ഥയില്‍ ശുഭ പ്രതീക്ഷ ഉണ്ടെന്നും തങ്ങളുടെ മുന്‍ഗാമികള്‍ കെട്ടിപ്പടുത്ത രാജ്യവും അതിന്റെ മൂല്യങ്ങളും നിലനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണെന്നും കോട്ടയത്തു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതക്കെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും ജംഇയ്യത്ത് സ്വതന്ത്ര്യ പലസ്തീന്‍ എന്ന പരിഹാരമാണ് മുന്നോട്ട് വെക്കുന്നത് എന്നും യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ പ്രസ്ഥാവിച്ചു. പണ്ഡിതനും വിദ്യാഭ്യാസ വിപ്ലവം നടത്തിയ പരിഷ്‌കര്‍ത്താവുമായ മൗലാനാ ഗുലാം മുഹമ്മദ് വസ്താനവി യുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ സമൂഹത്തെ വലിയ തോതില്‍ പ്രചോദിപ്പിക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അബ്ദുശ്ശക്കൂര്‍ ഖാസിമി, സൈദ് മുഹമ്മദ് അല്‍ ഖാസിമി കോട്ടയം, സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്, അബ്ദുല്‍ കരീം ഹാജി, ഉസ്താദ് ശരീഫ് കൗസരി, ഹാഷിം ഹസനി, അബ്ദുല്‍ സലാം മൗലവി, ഖാസിമുല്‍ ഖാസിമി, ഉബൈദ് മൗലവി, ഷിഫാര്‍ കൗസരി , സാദിഖ് മന്നാനി,ശറഫുദ്ധീന്‍ അസ്ലമി, എന്നിവര്‍ സംസാരിച്ചു. മമ്മൂട്ടി അഞ്ചുകുന്ന് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. താരിഖ് അന്‍വര്‍ ഹസനി സ്വാഗതവും ഇല്യാസ് ഹാദി നന്ദിയും പറഞ്ഞു.