''ലവ് ജിഹാദ്'' ആരോപിക്കപ്പെട്ട മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു; കസ്റ്റഡി കൊലപാതകമെന്ന് കുടുംബം

Update: 2025-07-29 08:11 GMT

റാഞ്ചി:'ലവ് ജിഹാദ്' ആരോപിച്ച് ഹിന്ദുത്വ സംഘം പോലിസിന് കൈമാറിയ യുവാവ് പിന്നീട് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ റാംഗഡ് സ്വദേശിയായ അഫ്താബ് അന്‍സാരിയാണ് ജൂലൈ 26ന് മരിച്ചത്. സംഭവം കസ്റ്റഡി കൊലയാണെന്ന് കുടുംബം ആരോപിച്ചു.

ആദിവാസി സ്ത്രീയെ 'ലവ് ജിഹാദിന്' ഇരയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു ടൈഗര്‍ ഫോഴ്‌സ് എന്ന ഹിന്ദുത്വ സംഘടനയാണ് അഫ്താബ് അന്‍സാരിയെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ചതിന് ശേഷം പോലിസിന് കൈമാറി. ഹിന്ദുത്വരുടെ പരാതിയില്‍ കേസെടുത്ത പോലിസ് അഫ്താബിനെ കസ്റ്റഡിയില്‍ വച്ചു. എന്നാല്‍ ജൂലൈ 26ന് അഫ്താബിന്റെ മൃതദേഹം ദാമോദര്‍ നദിയുടെ തീരത്ത് കണ്ടെത്തി.

ജൂലൈ 23ന് കസ്റ്റഡിയില്‍ എടുത്ത അഫ്താബ് 24ന് ഉച്ചയ്ക്ക് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പോലിസ് അഫ്താബിനെ പിടിക്കാന്‍ ശ്രമമൊന്നും നടത്തിയില്ലത്രെ. അതിനാല്‍ തന്നെ രണ്ടു പോലിസുകാരെയും രണ്ടു ഹോംഗാര്‍ഡുമാരെയും സസ്‌പെന്‍ഡ് ചെയ്‌തെന്നും പോലിസ് അവകാശപ്പെട്ടു.

എന്നാല്‍, തുണിക്കടയിലെ ജീവനക്കാരനായ അഫ്താബിനെ ഹിന്ദുത്വ സംഘം പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് പോലിസിന് കൈമാറിയതെന്ന് കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ ഹിന്ദു ടൈഗര്‍ ഫോഴ്‌സിലെ 12 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.

പോലിസ് സ്‌റ്റേഷനില്‍ നിന്നും അഫ്താഫ് ഇറങ്ങിപ്പോവുന്ന വീഡിയോ കണ്ടെന്നും കുടുംബം പറഞ്ഞു. അഫ്താബിനെ ബലം പ്രയോഗിച്ച് സ്റ്റേഷനില്‍ നിന്നും ഇറക്കിവിട്ടതാണെന്ന് സഹോദരന്‍ അല്‍താഫ് പറഞ്ഞു. പിന്നീടാണ് 20 കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ആരാണ് അഫ്താബിനെ കൊന്നതെന്നോ എങ്ങനെയാണ് കൊന്നതെന്നോ പോലിസ് പറയുന്നില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ പോലിസിന് പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്.