നോര്‍ത്ത് കരോലിനയില്‍ ജെറ്റ് അപകടം; ഏഴു പേര്‍ മരിച്ചു

Update: 2025-12-19 05:00 GMT

റലെയ്ഗ്: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഏഴു യാത്രക്കാരും മരിച്ചു. ഇന്നലെ നാസ്‌കാര്‍ ടീമുകളും ഫോര്‍ച്യൂണ്‍ 500 കമ്പനികളും ഉപയോഗിക്കുന്ന ഒരു പ്രാദേശിക വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിരമിച്ച നാസ്‌കര്‍ ഡ്രൈവര്‍ ഗ്രെഗ് ബിഫിളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏഴു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നുവീണതിന് പിന്നാലെ സ്‌ഫോടനമുണ്ടാവുകയും തുടര്‍ന്ന് പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

ഗ്രെഗ് ബിഫിള്‍ നടത്തുന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത സെസ്‌ന സി 550 ബിസിനസ് ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. ഷാര്‍ലറ്റില്‍ നിന്ന് ഏകദേശം 45 മൈല്‍ (72 കിലോമീറ്റര്‍) വടക്കുള്ള സ്‌റ്റേറ്റ്‌സ്‌വില്ലെ റീജിയണല്‍ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10 മണിക്ക് ശേഷമാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ ഉടന്‍ തന്നെ തിരിച്ചെത്തി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണതെന്ന് നോര്‍ത്ത് കരോലിന ഹൈവേ പട്രോള്‍ അറിയിച്ചു.

അപകടസമയത്ത് പ്രദേശത്ത് മഴയും മേഘാവൃതമായ അന്തരീക്ഷവുമുണ്ടായിരുന്നുവെന്ന് അക്യുവെതര്‍ റിപോര്‍ട്ട് ചെയ്തു. ഫ്‌ളൈറ്റ്അവെയര്‍.കോം പുറത്തുവിട്ട ട്രാക്കിംഗ് ഡാറ്റ പ്രകാരം, ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം മടങ്ങിയെത്താന്‍ ശ്രമിച്ചതായും അതിനിടെയാണ് അപകടം സംഭവിച്ചതെന്നും വ്യക്തമാണ്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) സംയുക്തമായി അന്വേഷണം ആരംഭിച്ചു.

Tags: