ഗസ സിറ്റിയില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ഇസ്രായേല്‍; പുരോഹിതരും കന്യാസ്ത്രീകളും അവിടെ തന്നെ തുടരുമെന്ന് സഭകള്‍

Update: 2025-08-26 14:30 GMT

അധിനിവേശ ജെറുസലേം: ഗസ സിറ്റിയില്‍ നിന്നും ഫലസ്തീനികള്‍ ഒഴിഞ്ഞുപോവണമെന്ന ഇസ്രായേലിന്റെ ആവശ്യം തള്ളി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഗസ സിറ്റിയില്‍ നിന്നും ഒഴിഞ്ഞുപോവില്ലെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയും ലാറ്റിന്‍ സഭയും പ്രഖ്യാപിച്ചു. സെന്റ് പോര്‍ഫിറിയസ് ദേവാലയത്തിന്റെയും ഹോളി ഫാമിലി ദേവാലയത്തിന്റെയും പരിസരത്ത് നിരവധി അഭയാര്‍ത്ഥികളുണ്ടെന്നും അവരെ പരിചരിക്കാന്‍ തുടരുമെന്നും ഇരുവിഭാഗങ്ങളും സംയുക്തമായി പ്രസിദ്ധീകരിച്ച പ്രസ്താവന പറയുന്നു.

''അഭയം തേടിയവരില്‍ പലരും കഴിഞ്ഞ മാസങ്ങളിലെ ബുദ്ധിമുട്ടുകള്‍ കാരണം ദുര്‍ബലരും പോഷകാഹാരക്കുറവുള്ളവരുമാണ്. ഗസ നഗരം വിട്ട് തെക്കോട്ട് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത് വധശിക്ഷയില്‍ കുറഞ്ഞതല്ല. ഇക്കാരണത്താല്‍, പുരോഹിതന്മാരും കന്യാസ്ത്രീകളും അവിടെ തന്നെ തുടരാനും കോമ്പൗണ്ടുകളില്‍ കഴിയുന്ന എല്ലാവരെയും പരിപാലിക്കുന്നത് തുടരാനും തീരുമാനിച്ചു,'' പ്രസ്താവന പറഞ്ഞു. ഫലസ്തീനികളിലെ തടങ്കലിലാക്കിയാലോ നാടുകടത്തിയാലോ ഭാവിയുണ്ടാവില്ലെന്ന് പ്രസ്താവന ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.