'ജഴ്സി പശു' വിവാദം; കലങ്ങി മറിഞ്ഞ് ബിഹാര്‍ രാഷ്ട്രീയം

Update: 2025-09-09 05:43 GMT

ബിഹാര്‍: അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ കൊണ്ട് വിവാദമായി മാറുകയാണ് ബിഹാര്‍ രാഷ്ട്രീയം. ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ മരുമകളും തേജസ്വി യാദവിന്റെ ഭാര്യയെ ജഴ്സി പശു എന്ന് വിളിച്ച മുന്‍ എംഎല്‍എ രാജ്ബല്ലഭ് യാദവിന്റെ പ്രസ്താവന വലിയ തരത്തിലാണ് വിവാദമായി മാറിയിരിക്കുന്നത്. രാജ്ബല്ലഭ് യാദവിനെ ജയിലിലേക്ക് തിരിച്ചയക്കണമെന്ന് ആര്‍ജെഡി നേതാവ് കൗശല്‍ യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞു

,'തേജസ്വി യാദവിന്റെ ഭാര്യയെക്കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ രാജ്ബല്ലഭ് മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചു. അത്തരമൊരു പ്രസ്താവന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വേദനിപ്പിച്ചു. ഇത് തേജസ്വിയുടെ ഭാര്യയെ മാത്രമല്ല, മുഴുവന്‍ സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതാണ്' അദ്ദേഹം പറഞ്ഞു.

നര്‍ദിഗഞ്ചില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് രാജ്ബല്ലഭ് യാദവ് തേജസ്വി യാദവിന്റെ ഭാര്യയെ അവഹേളിക്കുന ്‌ന തരത്തില്‍ പരാമര്‍ശം നടത്തിയത്.'വോട്ടിന് വേണ്ടി മാത്രമാണ് ജാതി ഉപയോഗിക്കുന്നത്. വിവാഹത്തിന്റെ കാര്യം വരുമ്പോള്‍, വിവാഹം എവിടെയാണ് നടന്നത്? ഹരിയാനയിലും പഞ്ചാബിലും വിവാഹം നടത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? അയാള്‍ക്ക് ഒരു സ്ത്രീയെ കിട്ടിയോ അതോ ജേഴ്‌സി പശുവിനെ കിട്ടിയോ? യാദവ സമുദായത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നില്ലേ,' എന്നായിരുന്നു പരാമര്‍ശം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമ കേസില്‍ ഒമ്പതര വര്‍ഷത്തിന് ശേഷം അടുത്തിടെ ജയില്‍ മോചിതനായ വ്യക്തിയാണ് രാജ്ബല്ലഭ് യാദവ്.

Tags: