ജെഇഇ മെയിന്‍ 2026: ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

Update: 2026-02-03 06:50 GMT

ന്യൂഡല്‍ഹി: എന്‍ഐടികള്‍, ഐഐഐടികള്‍ തുടങ്ങിയ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റഗുലര്‍ ബിഇ/ബി ടെക്, ബി ആര്‍ക്, ബി പ്ലാനിങ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ 2026 രണ്ടാം പരീക്ഷ ഏപ്രില്‍ രണ്ടു മുതല്‍ ഒന്‍പത് വരെ ദേശീയതലത്തില്‍ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഫെബ്രുവരി 25 വരെ സ്വീകരിക്കും. പ്രായപരിധിയില്ല.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടുകൂടി ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും അംഗീകൃത ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമധാരികള്‍ക്കും നിലവില്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ എന്‍ഐടികളിലേക്കും മറ്റു കേന്ദ്രസ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിന്, പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ മൊത്തം 75 ശതമാനം മാര്‍ക്ക് (എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 65 ശതമാനം) നേടിയിരിക്കണം.

ജെഇഇ മെയിന്‍ 2026ലെ അഖിലേന്ത്യ റാങ്ക് അടിസ്ഥാനത്തിലാണ് ജോസാ/സിഎസ്എബി കൗണ്‍സിലിങ്ങിലൂടെ സീറ്റ് അലോട്ട്‌മെന്റ് നടത്തുക. വിശദമായ വിവരപത്രിക https//jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഔദ്യോഗിക അറിയിപ്പ് www.nta.ac.in ൽ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കും. ആദ്യ പരീക്ഷാഫലം ഫെബ്രുവരി 12നും രണ്ടാം പരീക്ഷാഫലം ഏപ്രില്‍ 20നും പ്രസിദ്ധീകരിക്കും.

Tags: