കുവൈത്ത് വിമാനത്താവളം അടച്ചതോടെ ഖൈസൂമ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ജസീറ എയര്‍വേയ്‌സ്
കുവൈത്ത് സിറ്റി: നിലവിലെ സുരക്ഷാ സാഹചര്യത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാതിനിലുള്ള ഖൈസൂമ വിമാനത്താവളത്തില്‍ നിന്ന് ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്‌സ് അറിയിച്ചു. സൗദി അറേബ്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
കുവൈത്തില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂര്‍ ദൂരത്തിലാണ് ഖൈസൂമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അവിടെ എത്തുന്ന യാത്രക്കാര്‍ക്ക് കരമാര്‍ഗം കുവൈത്തിലേക്ക് യാത്ര തുടരാനാകും. അതുപോലെ കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഖൈസൂമ വിമാനത്താവളത്തിലേക്ക് എത്തുന്നതിനായി റോഡ് ഗതാഗത സൗകര്യവും ഒരുക്കുമെന്ന് ജസീറ എയര്‍വേയ്‌സ് വ്യക്തമാക്കി.
ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിനായി സൗദി അറേബ്യയുടെ വിസ നിര്‍ബന്ധമാണെന്നും കമ്പനി അറിയിച്ചു. സ്വകാര്യ വാഹന സൗകര്യമില്ലാത്ത യാത്രക്കാര്‍ക്കായി ബസ്സ് സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.