കോട്ടയം: കോട്ടയത്തെ ജെയ്‌നമ്മ കൊലപാതകത്തില്‍ കുറ്റപത്രം അവസാന പരിശോധനയ്ക്കായി എഡിജിപിക്ക് കൈമാറി അന്വേഷണ സംഘം. അനുമതി ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കോട്ടയത്തെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ആഗസ്റ്റ് 27നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചതിനു പിന്നാലെ സെബാസ്റ്റ്യനെ അറസ്റ്റു ചെയ്തത്.
സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനുമാണ് കേസില്‍ നിര്‍ണായകമായത്. തെളിവെടുപ്പില്‍ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. ചേര്‍ത്തലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്. പണത്തിനു വേണ്ടിയുള്ള കൊലപാതകം എന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
കോട്ടയം ക്രൈംബ്രാഞ്ചാണ് ജെയ്നമ്മയുടെ തിരോധാനം അന്വേഷിക്കുന്നത്. കാണാതായ ഡിസംബര്‍ 23നുതന്നെ ജെയ്നമ്മ കൊല്ലപ്പെട്ടെന്നെ നിഗമനത്തിലായിരുന്നു അന്വേഷകസംഘം. ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റിയന്‍ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്കെത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടര്‍ന്നുള്ള അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയമ്മയെ കാണാതായത്.