പ്രതിരോധ നയത്തില്‍ വന്‍ മാറ്റം; മാരകായുധ കയറ്റുമതിക്ക് അനുമതി നല്‍കി ജപ്പാന്‍
ടോക്കിയോ: മാരകശേഷിയുള്ള ആയുധങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി സനെ തക്കായിച്ചിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് നിര്‍ണായക തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പതിറ്റാണ്ടുകളായി സമാധാന ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രതിരോധപരമായ നിലപാട് മാത്രം സ്വീകരിച്ചിരുന്ന ജപ്പാന്റെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രാദേശിക സുരക്ഷാ വെല്ലുവിളികളും ഉയര്‍ന്നുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മുന്‍നിര്‍ത്തിയാണ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കമെന്ന് ടോക്കിയോ വ്യക്തമാക്കി.
ഇതുവരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് ജപ്പാന്‍ കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ പുതിയ നയപ്രകാരം പോര്‍വിമാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, നാവിക കപ്പലുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക മാരകായുധങ്ങള്‍ ഇനി വിദേശ വിപണികളിലേക്ക് എത്തിക്കാന്‍ ജപ്പാനിന് സാധിക്കും. ഉക്രെയിനിന് നല്‍കിയ സംരക്ഷണ കവചങ്ങള്‍, ഗ്യാസ് മാസ്‌കുകള്‍, ഫിലിപ്പീന്‍സിന് വിറ്റ റഡാര്‍ സംവിധാനങ്ങള്‍ എന്നിവയില്‍ ഒതുങ്ങിയിരുന്ന ജപ്പാന്റെ പ്രതിരോധ വ്യാപാരം ഇതോടെ ആഗോളതലത്തില്‍ കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍.
ജപ്പാന്റെ പുതിയ നീക്കത്തെ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ സ്വാഗതം ചെയ്തു. അതേസമയം, ഏഷ്യ-പസഫിക് മേഖലയിലെ സമാധാനത്തിന് ഇത് തിരിച്ചടിയാകുമെന്ന് ആരോപിച്ച് ചൈന ശക്തമായി വിമര്‍ശിച്ചു. യൂറോപ്പിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും പല രാജ്യങ്ങളും ജപ്പാന്റെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപോര്‍ട്ടുകള്‍.
പുതിയ നയത്തിനെതിരേ ജപ്പാനില്‍ ആഭ്യന്തര വിമര്‍ശനങ്ങളും ശക്തമാണ്. സമാധാന ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ് ഈ തീരുമാനമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ആയുധ വ്യാപാരം ആഗോള അസ്ഥിരത വര്‍ധിപ്പിക്കുമെന്നും ഭാവിയില്‍ ജാപ്പനീസ് ജനങ്ങളുടെ സുരക്ഷയെ പോലും ബാധിക്കാമെന്നുമാണ് ഇവര്‍ മൂന്നറിയിപ്പ് നല്‍കുന്നത്.

