ജമ്മുവില്‍ 21കാരനെ പോലിസ് വെടിവച്ചു കൊന്നു; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം

Update: 2025-07-25 07:01 GMT

ജമ്മു: ഗുജ്ജാര്‍ ഗോത്രവിഭാഗത്തിലെ മുസ്‌ലിം യുവാവിനെ പോലിസ് വെടിവച്ചു കൊന്നു. ജാവേദ് നഗറിലെ മുഹമ്മദ് പര്‍വേസ് എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. ലഹരി മരുന്ന് വില്‍പ്പനക്കാരെയും ഗുണ്ടാ സംഘങ്ങളെയും നേരിടാനുള്ള ഓപ്പറേഷന്‍ ക്ലീന്‍ അപ്പിന്റെ ഭാഗമായാണ് നടപടിയെന്ന് സിറ്റി സൗത്ത് എസ്പി അജയ് ശര്‍മ അവകാശപ്പെട്ടു. ലഹരി മാഫിയക്കെതിരെ പരിശോധന നടത്തുമ്പോള്‍ അക്രമികള്‍ വെടിവച്ചെന്നും തിരിച്ച് വെടിവച്ചപ്പോള്‍ ഒരാള്‍ മരിച്ചെന്നും ശര്‍മ പറയുന്നു.

എന്നാല്‍, സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് മുഹമ്മദ് പര്‍വേസിന്റെ കുടുംബവും ഗുജ്ജാര്‍ വിദ്യാര്‍ഥി സംഘടനകളും പറഞ്ഞു. '' ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. പര്‍വേസിനെതിരെ മുമ്പ് കേസുകളൊന്നുമില്ല. പോലിസിന് സംശയങ്ങളുണ്ടെങ്കില്‍ അവനെ നിയമപരമായി അറസ്റ്റ് ചെയ്യാമായിരുന്നു. പര്‍വേസിനെയും സഹോദരനെയും ചെക്ക്‌പോസ്റ്റില്‍ വച്ച് പോലിസ് വെടിവച്ചു കൊല്ലുകയായിരുന്നു.''-പ്രദേശത്തെ പ്രമുഖ ഗോത്രാവകാശ പ്രവര്‍ത്തകനായ താലിബ് ഹുസൈന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി കന്നുകാലി കടത്തല്‍, ലഹരി കടത്തല്‍ എന്നൊക്കെ പറഞ്ഞ് ഗുജ്ജാറുകളെ പോലിസ് വേട്ടയാടുന്നുവെന്നും താലിബ് ഹുസൈന്‍ പറഞ്ഞു. ഗുജ്ജാര്‍ വിഭാഗത്തിലെ അല്‍താഫ് ലാലിയെ ബന്ദിപ്പോര പോലിസ് കസ്റ്റഡിയില്‍ കൊന്നു. ഇനിയും മൗനം പാലിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പര്‍വേസിന്റെ കുടുംബം ആവശ്യപ്പെട്ടു.