ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ചതിന് നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍(97)അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ നിര്‍ണായക കണ്ടെത്തലായ ഡിഎന്‍എ പിരിയന്‍ ഗോവണി(ഡബിള്‍ ഹീലിക്‌സ്)കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാന്‍സിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 1962ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടി. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ ലോകത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങി.
അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ച ജെയിംസ് വാട്‌സണ്‍ 24ാം വയസിലായിരുന്നു നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ജീവികളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുക, രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികില്‍സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, തുടങ്ങിയവയ്‌ക്കെല്ലാം വാട്‌സന്റെ കണ്ടെത്തലുകള്‍ സഹായമായി. 'ജീവിതത്തിന്റെ രഹസ്യം ഞങ്ങള്‍ കണ്ടെത്തി' എന്നായിരുന്നു നിര്‍ണായക കണ്ടെത്തലില്‍ ജെയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും പ്രതികരിച്ചത്.
1928 ഏപ്രിലില്‍ ചിക്കാഗോയിലാണ് വാട്‌സണ്‍ ജനിച്ചത്. 15ാം വയസില്‍ ചിക്കാഗോ സര്‍വകലാശാലയില്‍ പഠിക്കാന്‍ അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. 1869ല്‍ ഡിഎന്‍എ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗവേഷകര്‍ക്ക് അതിന്റെ ഘടന കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കോശങ്ങളിലെ ജനിതക പദാര്‍ത്ഥം ഡിഎന്‍എയാണെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കാന്‍ 1943 വരെ എടുത്തു. ഡിഎന്‍എ ഘടനയെ കുറിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം കേംബ്രിജിലെത്തി. അവിടെ അദ്ദേഹം ക്രിക്കിനെ കണ്ടുമുട്ടി, അദ്ദേഹത്തോടൊപ്പം ഡിഎന്‍എയ്ക്ക് സാധ്യമായ ഘടനകളുടെ വലിയ തോതിലുള്ള മാതൃകകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പിന്നാലെയായിരുന്നു നിര്‍ണായക കണ്ടെത്തല്‍.
താനും ഫ്രാന്‍സിസ് ക്രിക്കും നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് നടത്തിയതെന്നാണ് വാട്‌സണ്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ ആ പിരിയന്‍ ഗോവണി ഘടന ശാസ്ത്രത്തിലും സമൂഹത്തിലും ഇത്രയും ചലനം ഉണ്ടാക്കുമെന്ന് ഒരിക്കലും മുന്‍കൂട്ടി കണ്ടിരുന്നില്ല എന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇത്രയും വലിയ മറ്റൊരു കണ്ടെത്തല്‍ വാട്‌സണ്‍ പിന്നീട് നടത്തിയിട്ടില്ല. എന്നാല്‍ മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. മിടുക്കരായ യുവ ശാസ്ത്രജ്ഞര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു.
2007ലാണ് വാട്‌സന്റെ വിവാദ പരാമര്‍ശം വന്നത് ലണ്ടനിലെ സണ്‍ഡേ ടൈംസ് മാഗസിനിലാണ്: 'ആഫ്രിക്കയുടെ ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദുഖമുണ്ട്. നമ്മുടെ എല്ലാ നയങ്ങളും അവരുടെ ബുദ്ധിശക്തി നമ്മുടേത് പോലെയാണെന്ന ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാവരും തുല്യരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, കറുത്ത വര്‍ഗ്ഗക്കാരായ ജീവനക്കാരുമായി ഇടപെഴകുന്ന ആളുകള്‍ക്ക് ഇത് സത്യമല്ലെന്ന് മനസ്സിലാകും'. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു.
പക്ഷേ ആഗോള തലത്തിലെ പ്രതിഷേധം കാരണം ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹം വിരമിച്ചു. 2019ല്‍ പുറത്തുവന്ന ഡോക്യുമെന്ററിയില്‍, തന്റെ കാഴ്ചപ്പാടുകള്‍ മാറിയോയെന്ന് വാട്‌സനോട് ചോദിക്കുകയുണ്ടായി. മാറിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലാബ് വാട്‌സണിനു നല്‍കിയിരുന്ന നിരവധി ഓണററി പദവികള്‍ റദ്ദാക്കി, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആക്ഷേപകരവും ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്തതുമാണെന്ന് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.

