ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ കോട്ടയം ക്രൈംബ്രാഞ്ചിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിലെ സ്വീകരണ മുറിയില്‍വെച്ച് തലക്കടിച്ച് ഇവരെ കൊലപ്പെടുത്തിയെന്ന വിവരമാണ് കിട്ടിയിരിക്കുന്നത്. തലയ്ക്കടിച്ചപ്പോള്‍ തെറിച്ചുവീണ രക്തക്കറകളാണ് കേസില്‍ നിര്‍ണായക തെളിവായത്. കൊലപാതകത്തിനുശേഷം ശരീരം മുറിച്ച് കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തക്കറ കണ്ടെത്തിയത് മൃതദേഹം മുറിച്ചതായ സൂചനയാണു നല്‍കുന്നത്. ശരീരഭാഗങ്ങള്‍ പിന്നീട് പല സ്ഥലങ്ങളില്‍ മറവു ചെയ്തു. ഇയാളുടെ വീട്ടുവളപ്പില്‍ നടത്തിയ തിരച്ചിലില്‍ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ല.
അതേസമയം,. ബിന്ദു പത്മനാഭന്‍ എന്ന സ്ത്രീയുടെ തിരോധാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സെബാസ്റ്റിയനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ബിന്ദു പദ്മനാഭന്‍ കേസുമായി ബന്ധപ്പെട്ട വ്യാജരേഖ, തട്ടിപ്പു കേസുകളില്‍ വിചാരണയുടെ ഭാഗമായി സെബാസ്റ്റ്യനെ ചൊവ്വാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.