അമ്പലത്തിലെ ആനയെ അംബാനിയുടെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി; പ്രതിഷേധിച്ച് ജൈനസമൂഹം

Update: 2025-08-01 13:52 GMT

ഹുബ്ബള്ളി: മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലെ നന്ദനി മഠത്തിന്റെ ആനയെ ആനന്ദ് അംബാനിയുടെ ഗുജറാത്തിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധവുമായി ജൈന സമൂഹം. മാധുരി എന്നും മഹാദേവിയെന്നും അറിയപ്പെടുന്ന ആനയേയാണ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഗുജറാത്തിലേക്ക് കൊണ്ടുപോയത്. 35 വയസുള്ള ആന അക്രമങ്ങള്‍ കാണിക്കാറുണ്ടെന്ന് ആരോപിച്ച് മൃഗക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പെറ്റ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് ആനയെ ഗുജറാത്തിലെ സ്വകാര്യ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.

ആനയെ തിരിച്ചുകൊണ്ടുവരണമെന്ന് ജൈനര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കും പരാതി നല്‍കാനും തീരുമാനിച്ചു. ആനയെ കൊണ്ടുപോയതില്‍ ഹുബ്ബള്ളിയിലും ബെല്‍ഗാമിലും പ്രതിഷേധിക്കുമെന്നും ജൈനസംഘടനകള്‍ പറഞ്ഞു.