ലഹരി വിരുദ്ധ ക്ലസ്റ്റര്‍ യോഗം നടത്തി ജാഗ്രത സമിതി

Update: 2025-04-26 09:47 GMT

ദേവര്‍കോവില്‍: ലഹരി ഉപയോഗവും വില്‍പ്പനയും കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് വേണ്ടിയും ഈ ഹീനമായ പ്രവൃത്തി നാട്ടില്‍ നിന്ന് തുടച്ചു നീക്കുന്നതിന് വേണ്ടിയും ദേവര്‍കോവില്‍ ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടി എം മുനീറിന്റെ വീട്ടില്‍ കുടുംബ യോഗം നടത്തി. ആറ് ഘട്ടങ്ങളായി നടത്താന്‍ തീരുമാനിച്ച യോഗത്തിന്റെ പ്രഥമ പരിപാടി തൊട്ടില്‍പ്പാലം സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി എഎസ്‌ഐ റഖീബ് എളമ്പിലാട് സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ കെ കെ അഷ്‌റഫ് അദ്ധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ രവീന്ദ്രന്‍ മാസ്റ്റര്‍ ,തൊട്ടില്‍പ്പാലം സബ് ഇന്‍സ്‌പെക്ടര്‍ സുബിന്‍ ബിജു എന്നിവര്‍ സംസാരിച്ചു. നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള സമിതിയുടെ പ്രവര്‍ത്തനത്തെ സബ് ഇന്‍സ്‌പെക്ടര്‍ അഭിനന്ദിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളില്‍ പോലിസിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ലഹരി വിരുദ്ധ സമിതി കണ്‍വീനര്‍ സി എച്ച് നാസര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സംയുക്ത മഹല്ല് പ്രസിഡന്റും സമിതിയുടെ മുഖ്യ രക്ഷാധികാരിയുമായ ടി എച്ച് അഹമ്മദ് നന്ദിയും പറഞ്ഞു.

Tags: