'തിരഞ്ഞെടുപ്പ് കാലമാണ്, ജാഗ്രതവേണം'; എ കെ ബാലനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
പാലക്കാട്: മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് കമ്മിറ്റിയോഗത്തില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് കാലമാണിതെന്നും ഈ കാലത്ത് നേതാക്കള്‍ നടത്തുന്ന പ്രസ്താവനയില്‍ ജാഗ്രത വേണമെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. അബദ്ധ പ്രസ്താവനകള്‍ നടത്തി എ കെ ബാലന്‍ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. ബാലന്‍ വായ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് നഷ്ടമാവും. പാര്‍ട്ടിയില്‍ ചുമതലയില്ലാത്ത എ കെ ബാലന്‍ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജില്ല കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാര്‍ട്ടിയില്‍ ഉണ്ടോ എന്നും ജില്ല കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. ജമാഅത്തെ ഇസ്ലാമി മാറാട് കലാപത്തിന് ശ്രമിച്ചുവെന്ന പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജമാഅത്തെ ഇസ്ലാമി കലാപത്തിന് ശ്രമിച്ചു, മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകള്‍ തുടങ്ങിയവ തികച്ചും അടിസ്ഥാനരഹിതമാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കും. ജമാഅത്തെ ഇസ്ലാമിയെ പാര്‍ട്ടി നിരന്തരം വിമര്‍ശിക്കുന്നുണ്ട്. വസ്തുതാവിരുദ്ധമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ജില്ല കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുന്നുണ്ട്. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ജാഗ്രത പാലിച്ചുവേണം നേതാക്കളുടെ പ്രതികരണം. ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ പങ്കെടുത്തിരുന്നു.
കെടിഡിസി ചെയര്‍മാന്‍ പി കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഇന്നു നടന്ന ജില്ല കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്നു. ശശി വര്‍ഗ വഞ്ചകനാണ്, തിരഞ്ഞെടുപ്പിന് മുന്‍പ് ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. മുന്‍ കാലങ്ങളില്‍ ശശിക്കൊപ്പം നിന്നിരുന്ന നേതാക്കള്‍ പോലും ഇന്നത്തെ കമ്മിറ്റിയില്‍ ശശിക്കെതിരേ നിലപാടെടുത്തു എന്നത് ശ്രദ്ധേയമാണ്. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. അതിനു ശേഷം പലതവണ നിലവിലെ ജില്ല സെക്രട്ടറിയെ ലക്ഷ്യമിട്ട് ശശി ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. താന്‍ ഏത് ബ്രാഞ്ചിലാണെന്ന് അറിയാത്തതു കൊണ്ടാണ് ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്നും ശശി പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മേഖലയിലെ പല തദ്ദേശസ്ഥാപനങ്ങളിലേക്കും ശശിയെ പിന്തുണക്കുന്നവര്‍ മല്‍സരിച്ചിരുന്നു. ചിലയിടത്ത് വിജയിക്കുകയും ചെയ്തു. ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടായെന്ന് അംഗങ്ങള്‍ കമ്മിറ്റിയില്‍ പറഞ്ഞു.

