'ഇത് ചാര ആപ്പ്'; 'സഞ്ചാര്‍ സാഥി' ആപ്പ് സ്വകാര്യതയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: എല്ലാ മൊബൈല്‍ ഫോണുകളിലും 'സഞ്ചാര്‍ സാഥി' ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ (ഡിഒടി) ഉത്തരവിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ജനങ്ങളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാ പൗരന്മാരെയും നിരീക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം.
ഇത് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ചല്ല. അവര്‍ മുഴുവന്‍ രാജ്യത്തെയും സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണ്. സര്‍ക്കാര്‍ ഒരു വിഷയവും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സൈബര്‍ തട്ടിപ്പുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് ഒരു സംവിധാനം ആവശ്യമാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് ആളുകളുടെ വ്യക്തിജീവിതത്തിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റമാണെന്നും അവര്‍ പറഞ്ഞു. ചാര ആപ്പ് എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം, രൂക്ഷമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ ആപ്പ് നിര്‍ബന്ധമല്ലെന്ന് അറിയിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് ഇല്ലാതാക്കാമെന്നാണ് നിര്‍ദേശം. മുമ്പ്, എല്ലാ മൊബൈല്‍ ഫോണുകളിലും ഇത് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.