'ദലിതന്‍ മുഖ്യമന്ത്രിയാകുന്നത് ചരിത്രപരമായ നിമിഷമായിരിക്കും'; ഖാര്‍ഗെയെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് അഭ്യര്‍ഥിച്ച് സോണിയാഗാന്ധിക്ക് കത്തെഴുതി കെപിസിസി ഭാരവാഹികള്‍

Update: 2025-11-25 05:34 GMT

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തില്‍ തല പുകച്ച് കര്‍ണാടക രാഷ്ട്രീയം. ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നേതൃത്വപരമായ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതേസമയം ഡി കെ ശിവകുമാറിന്റെ അനുയായികള്‍ ന്യൂഡല്‍ഹിയില്‍ തങ്ങളുടെ നേതാവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനായി ശക്തമായി സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി.

എന്നാല്‍, ഇതിനെല്ലാം ഇടയില്‍ ദലിത് ശാക്തീകരണത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്‍ന്ന സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. കെപിസിസി ഭാരവാഹികള്‍, മുന്‍ എംഎല്‍എമാര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൗരന്മാര്‍ എന്നിവരുള്‍പ്പെടെയുള്ള സ്വാധീനമുള്ളവര്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എഴുതിയ തുറന്ന കത്തില്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് അഭ്യര്‍ഥിച്ചു. നവംബര്‍ 22ന് എഴുതിയതും ഡല്‍ഹിയിലും ബെംഗളൂരുവിലും വ്യാപകമായി പ്രചരിച്ചതുമായ കത്തില്‍, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ദലിത് പ്രാതിനിധ്യക്കുറവ് പരിഹരിക്കേണ്ട സമയമാണിതെന്ന് പറയുന്നു. ഒരു ദലിതനെ മുഖ്യമന്ത്രിയായി നിയമിച്ചാല്‍ അത് ചരിത്രപരമായ നിമിഷമായിരിക്കുമെന്നും അവര്‍ പറയുന്നു.

കര്‍ണാടകയിലെ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചയം, സത്യസന്ധത, ആഴത്തിലുള്ള ബന്ധം എന്നിവ ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ നയിക്കാന്‍ അദ്ദേഹത്തെ യോഗ്യനാക്കുന്നുവെന്ന് അവര്‍ പറയുന്നു.

അതേസമയം, ശിവകുമാറിന്റെ അനുയായികളായ എച്ച്‌സി ബാലകൃഷ്ണ , നയന മോട്ടമ്മ എന്നിവര്‍ ഡല്‍ഹിയിലേക്ക് പോയി. മുഖ്യമന്തി സ്ഥാനത്തെ കുറിച്ചുള്ള ആലോചനകളാണ് നടക്കുന്നതെന്നും കൂടിക്കാഴ്ചകള്‍ അതിനുവേണ്ടിയാണെന്നും ശിവകുമാറിന്റെ ക്യാംപിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Tags: