'ബിഹാറില്‍ ജയിച്ചത് എന്‍ഡിഎ അല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍'; രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നതു തന്നെ ബിഹാറിലും നടന്നു

Update: 2025-11-14 09:13 GMT

തിരുവനന്തപുരം: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത് എന്‍ഡിഎ അല്ല ജയിച്ചത് തിരഞ്ഞെടുപ്പു കമ്മിഷനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്നും മഹാരാഷ്ട്രയില്‍ എന്തു നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാതികള്‍ കൊടുത്തിട്ടും പരിഹാരമില്ല. എന്തുവേണമെന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു. ജനങ്ങള്‍ കേരളത്തില്‍ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി ഇടതു ഭരണം തിരുവനന്തപുരം കോര്‍പ്പറേഷനെ മുടിച്ചു. അഴിമതിയും കൊള്ളയുമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത്. കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നു. എല്‍ഡിഎഫ് ഭരണം ജനങ്ങള്‍ക്ക് മടുത്തു. പരാജയപ്പെടുന്നതിനു മുന്‍പ് മേയര്‍ കോഴിക്കോട്ടേക്കു പോയത് നന്നായി. ഇനി കോഴിക്കോട്ട് സ്ഥിരതാമസമാക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയുമായി എല്‍ഡിഎഫ് കൈ കോര്‍ക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റൊഴിവാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. തിരുവനന്തപുരത്തുകാര്‍ക്ക് ഇതൊരു അവസരമാണ്. മുന്‍ മന്ത്രിയെപ്പറ്റി സിപിഎം കൗണ്‍സിലര്‍ തന്നെ പറഞ്ഞുകഴിഞ്ഞു. ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.