രാഹുലിനെ പുറത്താക്കാന്‍ ഇന്നലെതന്നെ തീരുമാനിച്ചിരുന്നു, ഇന്ന് പ്രഖ്യാപിച്ചെന്നേയുള്ളൂ: വി ഡി സതീശന്‍
എകെജി സെന്ററില്‍ വന്ന പരാതികള്‍ സിപിഎം ഇനിയെങ്കിലും പോലിസിനെ ഏല്‍പ്പിക്കണം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കാനുള്ള തീരുമാനം ഇന്നലെതന്നെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് ഇന്ന് പ്രഖ്യാപിച്ചെന്നേയുള്ളൂ. നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടി വൈകിയിട്ടില്ല. ആദ്യ പരാതി വന്നപ്പോള്‍ സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ പരാതി വന്നപ്പോള്‍ നേതാക്കള്‍ ആലോചിച്ച് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്. തന്റെ പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ അഭിമാനമുണ്ടെന്നും സതീശന്‍ പറഞ്ഞു. എകെജി സെന്ററില്‍ വന്നുകിടക്കുന്ന ഒരുപാട് പരാതികള്‍ സിപിഎം പോലിസിനു കൈമാറണം. തിരഞ്ഞെടുപ്പ് തീരുംവരെ രാഹുല്‍ വിഷയം ചര്‍ച്ചയാക്കി ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
പരാതി വന്നപ്പോള്‍ രാഹുലിനെ രക്ഷപെടുത്താനോ കുടപിടിച്ച് കൊടുക്കാനോ ശ്രമിച്ചില്ല. അപ്പോള്‍ തന്നെ പോലിസിനു നല്‍കി. ആദ്യ പരാതി വന്നപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉടനെ സ്വീകരിച്ചു. രണ്ടാമതൊരു പരാതി കെപിസിസിക്ക് ലഭിച്ചതോടെ വീണ്ടും ചര്‍ച്ച ചെയ്തു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം ഇന്നലെതന്നെ ഏകകണ്ഠമായി സ്വീകരിച്ചു. ഇന്ന് പ്രഖ്യാപിച്ചെന്നു മാത്രം. നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടി വൈകിയിട്ടില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമുണ്ട്. പരാതി വന്നപ്പോള്‍ ഉടനെ പോലിസിനു കൈമാറി. എകെജി സെന്ററില്‍ വന്നുകിടക്കുന്ന ഒരുപാട് പരാതികള്‍ മാറാല പിടിച്ചു കിടക്കുന്നുണ്ട്. ഇനിയെങ്കിലും സിപിഎം അത് പോലിസിനു കൈമാറുന്നത് നന്നായിരിക്കും. ഞങ്ങളെ ഉപദേശിക്കാന്‍ നടക്കുന്നവരോട് അഭ്യര്‍ഥിക്കാനുള്ളത് അതാണ്.
'രാജിവെക്കണോ വേണ്ടയോ എന്നൊക്കെ രാഹുല്‍ തീരുമാനിക്കട്ടെ. പാര്‍ട്ടി ടിക്കറ്റിലാണ് അദ്ദേഹം മല്‍സരിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരിക്കുകയാണ്. രാജ്യത്തുതന്നെ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്. ചിലര്‍ അതിന്റെ സാങ്കേതികത്വം ചോദ്യം ചെയ്യുകയാണ്. ബലാത്സംഗക്കേസിലെ പ്രതി എംഎല്‍എയായി ഇരിക്കുന്ന പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. മുഖ്യമന്ത്രിയോട് ഒരിക്കല്‍ പോലും ഇക്കാര്യം ചോദിക്കാന്‍ മാധ്യമങ്ങള്‍ തയാറായില്ല. എത്ര കേസുകളില്‍ പ്രതികളായിട്ടുള്ള ആളുകളെ പാര്‍ട്ടി കോടതികള്‍ തീരുമാനിച്ച് വീണ്ടും മല്‍സരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീരുംവരെ ഈ വിഷയം ചര്‍ച്ചയാക്കി ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത്'-വി ഡി സതീശന്‍ പറഞ്ഞു.

