ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് അഴിച്ചെടുത്ത് ഒരു മാസം കഴിഞ്ഞ് ,വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പം സംബന്ധിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ശബരിമലയില്‍ നിന്ന് അഴിച്ചെടുത്ത ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് ഒരു മാസം കഴിഞ്ഞെന്നാണ് വിവരം.2019 കാലത്ത് തിരുവാഭരണ കമ്മീഷണറായിരുന്ന ആര്‍ ജി രാധാകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2019 ഓഗസ്റ്റിലാണ് ഞാന്‍ തിരുവാഭരണ കമ്മീഷണറായി ചുമതലയേറ്റതെന്നും ജൂലായില്‍ അഴിച്ചെടുത്ത് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങള്‍ ഒരു മാസത്തിന് ശേഷമാണ് ചെന്നൈയിലെത്തിയതെന്നും ഇത്രയും ദിവസം അത് എവിടെയായിരുന്നു എന്നതിന് രേഖകളില്ലെന്നും ആര്‍ ജി രാധാകൃഷ്ണന്‍ പറഞ്ഞു. ദേവസ്വത്തിലിരിക്കുന്ന വസ്തു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ നല്‍കിയതെന്ന് അറിയില്ലെന്നും ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണമാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ പീഠങ്ങളും സ്വര്‍ണപാളികളും മറയാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
2021ല്‍ ദ്വാരപാലക പീഠം കൊണ്ടു വന്നെന്നും അളവ് ശരിയല്ലാത്തതിനാല്‍ തിരികെ കൊണ്ടുപോയെന്നുമാണ് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. എന്നാല്‍ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്നും കണ്ടെത്തി. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
