ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ ഐടി (ഭേദഗതി) നിയമങ്ങള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തടയുന്നതിനെന്ന പേരില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നിയമം നേരത്തെ റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ലെങ്കിലും വിഷയത്തില്‍ വിശദമായ പരിശോധന നടത്താന്‍ സുപ്രിംകോടതി തീരുമാനിച്ചു.
സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്നിവര്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആശങ്ക സ്വാഭാവികമാണെന്നും ഇന്ത്യന്‍ സൈന്യത്തെയും ദേശീയ നയങ്ങളെയും കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് അപകടകരമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഉള്ളടക്കം പൂര്‍ണ്ണമായും തടയുകയല്ല, മറിച്ച് തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ പര്യാപ്തമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ ചൂണ്ടിക്കാട്ടി. 'തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍' എന്നതിന് ഭേദഗതിയില്‍ വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി
2023ല്‍ കൊണ്ടുവന്ന ഐടി നിയമ ഭേദഗതി പ്രകാരം, സര്‍ക്കാരിനെ സംബന്ധിച്ച 'വ്യാജമോ തെറ്റായതോ ആയ' വിവരങ്ങള്‍ കണ്ടെത്താന്‍ ഫാക്റ്റ് ചെക്ക് യൂണിറ്റ് (എഫ്‌സിയു) രൂപീകരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കിയിരുന്നു. ഈ യൂണിറ്റ് തെറ്റാണെന്ന് കണ്ടെത്തുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നീക്കം ചെയ്യണമെന്ന് നിയമം നിര്‍ദ്ദേശിച്ചു. അതിനു തയ്യാറാകാത്ത പക്ഷം പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം (സേഫ് ഹാര്‍ബര്‍) നഷ്ടപ്പെടുമെന്നും ഭേദഗതിയില്‍ പറഞ്ഞിരുന്നു. 2024 മാര്‍ച്ചില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫാക്റ്റ് ചെക്ക് യൂണിറ്റായി നോട്ടിഫൈ ചെയ്തത്. എന്നാല്‍ ഈ നടപടി പിന്നീട് കോടതി സ്‌റ്റേ ചെയ്തിരുന്നു.
2024 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി ഈ ഭേദഗതികള്‍ റദ്ദാക്കി. നിയമം അവ്യക്തമാണെന്നും ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 19(2) പ്രകാരമുള്ള 'യുക്തിസഹമായ നിയന്ത്രണങ്ങള്‍' എന്ന പരിധിക്ക് പുറത്തുള്ളതാണിത് എന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ച വിവരങ്ങളില്‍ സര്‍ക്കാര്‍ തന്നെ സത്യാവസ്ഥയുടെ ഏക നിര്‍ണായക അധികാരിയായി മാറുന്ന സാഹചര്യം ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉള്ളടക്കത്തിന്റെ കൃത്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം, അത് സൃഷ്ടിക്കുന്നവരില്‍ നിന്ന് ഹോസ്റ്റ് ചെയ്യുന്ന ഇടനിലക്കാരിലേക്ക് മാറ്റുന്ന രീതിയിലുള്ള ഭേദഗതിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

