ഗഗന്‍യാന്‍ ദൗത്യം; ഐഎസ്ആര്‍ഒയുടെ പാരച്യൂട്ട് പരീക്ഷണം വിജയകരം

Update: 2025-11-12 07:01 GMT

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന. ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനായുള്ള പാരച്യൂട്ട് പരീക്ഷണമായിരുന്നു നടന്നത്. ഗഗന്‍യാന്‍ ദൗത്യത്തിലെ ഈ നിര്‍ണായക പരീക്ഷണം ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള ബാബിന ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലാണ് നടന്നത്.

ദൗത്യത്തിനായുള്ള പാരച്യൂട്ട് സിസ്റ്റത്തിലെ പ്രധാന ഘട്ടമായ ഇന്റഗ്രേറ്റഡ് മെയിന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് ടെസ്റ്റ് ആയിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്. ഇന്ത്യന്‍ വ്യോമസേനയുടെ ഐഎല്‍-76 വിമാനത്തിലൂടെ 2.5 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പാരച്യൂട്ടുകള്‍ വിന്യസിച്ചു.

മൊത്തം നാലു ഘട്ടങ്ങളിലായി 10 തരം പാരച്യൂട്ടുകളാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്നത്. ഈ സിസ്റ്റം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി), ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിആര്‍ഡിഇ), പ്രതിരോധ ഗവേഷണ സംഘടന (ഡിആര്‍ഡിഒ), ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ സൈന്യം എന്നിവയുടെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്.

മനുഷ്യ ബഹിരാകാശ യാത്രയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായക ഘട്ടമാണിതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. പരീക്ഷണം വിജയകരമായതോടെ ഗഗന്‍യാന്‍ ദൗത്യത്തിലെ മനുഷ്യ മിഷന്‍ നടപ്പാക്കുന്നതിനുള്ള മറ്റൊരു പ്രധാന നേട്ടം കൂടി സംഘടന സ്വന്തമാക്കി.

Tags: