'ഇസ്രായേലിന്റെ വംശഹത്യ പദ്ധതി'; ഇതുവരെ തടഞ്ഞത് 22,000 ത്തിലധികം സഹായ ട്രക്കുകള്‍
ഗസ: ഗസയിലേക്കുള്ള 22,000 ത്തിലധികം മാനുഷിക സഹായ ട്രക്കുകള്‍ ഇസ്രായേല്‍ മനപൂര്‍വ്വം തടയുകയാണെന്ന് ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ്.ഇത് 'പട്ടിണി, ഉപരോധം, അരാജകത്വം' എന്നിവയുടെ ആസൂത്രിതമായ പ്രചാരണത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.
ഗസ അധികൃതര്‍ ഈ സാഹചര്യത്തെ 'പൂര്‍ണ്ണമായ യുദ്ധക്കുറ്റകൃത്യം' എന്നാണ് വിശേഷിപ്പിച്ചത്, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗസ നിവാസികള്‍ക്കെതിരായ തുടര്‍ച്ചയായ വംശഹത്യ കുറ്റകൃത്യത്തിന് കാരണമാകുമെന്നും കൂട്ടിച്ചേര്‍ത്തു.കസ്റ്റഡിയിലെടുത്ത എല്ലാ ട്രക്കുകളും ഉടനടി വിട്ടയക്കണമെന്നും അവയ്ക്ക് ഗസയിലേക്ക് പ്രവേശമനാനുമതി കൊടുക്കണമെന്നും അതിര്‍ത്തി കടന്നുള്ള വഴികള്‍ പൂര്‍ണമായും വീണ്ടും തുറക്കണമെന്നും 'മീഡിയ ഓഫീസ് ആവശ്യപ്പെട്ടു.
അതേസമയം, ഉപരോധിക്കപ്പെട്ട ഗാസയില്‍ നിര്‍ബന്ധിത പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു് ഫലസ്തീനികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 175 ആയി, ഇതില്‍ 93 കുട്ടികളും ഉള്‍പ്പെടുന്നു.