പൂര്‍ണ്ണ യുദ്ധത്തില്‍ ഇസ്രായേലിന്റെ സുരക്ഷ ഒരു മണിക്കൂറിനുള്ളില്‍ തകരും: ശെയ്ഖ് ഖാസിം
ബെയ്‌റൂത്ത്: പൂര്‍ണ്ണ യുദ്ധത്തില്‍ ഇസ്രായേലിന്റെ സുരക്ഷ ഒരു മണിക്കൂറിനുള്ളില്‍ തകരുമെന്ന് ലബ്‌നാനിലെ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സഈദ് ഇസാദിയുടെ അനുസ്മരണ ദിനത്തില്‍ സംസാരിക്കുമ്പോഴാണ് ശെയ്ഖ് ഖാസിം ഇക്കാര്യം പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേലുമായി ലബ്‌നാന്‍ സര്‍ക്കാര്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുല്ല ഇതുവരെയും ലംഘിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ ആയിരക്കണക്കിന് തവണ കരാര്‍ ലംഘിച്ചു. '' ഇക്കഴിഞ്ഞ എട്ടുമാസം കൊണ്ട് ഹിസ്ബുല്ല സൈനികശേഷി സുരക്ഷിതമാക്കി എന്ന് ബോധ്യപ്പെട്ടതിനാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടതില്‍ ഇസ്രായേല്‍ ഖേദിക്കുന്നുണ്ട്. അതുകൊണ്ടാണ് കരാര്‍ ലംഘിക്കുന്നത്. എന്നാല്‍, പൂര്‍ണാര്‍ത്ഥത്തിലുള്ള യുദ്ധത്തിന് ഇസ്രായേലിന് താല്‍പര്യമില്ല. അങ്ങനെ യുദ്ധമുണ്ടാവുകയാണെങ്കില്‍ ലബ്‌നാന്‍ സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും ജനങ്ങളും ലബ്‌നാനെ പ്രതിരോധിക്കും. ഇസ്രായേലില്‍ മിസൈലുകള്‍ മഴയായി പെയ്തിറങ്ങും. അവര്‍ വര്‍ഷങ്ങള്‍ കൊണ്ട് തയ്യാറാക്കിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് തകരും.''-ശെയ്ഖ് ഖാസിം പറഞ്ഞു.
ലബ്‌നാനെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെയും ദുര്‍ബലമാക്കാനാണ് യുഎസ് പ്രതിനിധി ടോം ബാരക്ക് ഉപാധികളുമായി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക ശേഷിയുടെ പകുതി ഒരു മാസത്തിനുള്ളില്‍ ഹിസ്ബുല്ല ഒഴിവാക്കണമെന്നാണ് ടോം ബാരക്ക് ആവശ്യപ്പെടുന്നത്. ലബ്‌നാനെ ദുര്‍ബലമാക്കുകയും ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയുമാണ് ബാരക്കിന്റെ ലക്ഷ്യം. ഹിസ്ബുല്ലയുടെ ഹെവി ആയുധങ്ങള്‍ ഇല്ലാതായാല്‍ ഇസ്രായേല്‍ സുരക്ഷിതമാവുമെന്നാണ് ബാരക്കിന്റെ കണക്കുകൂട്ടല്‍. വിദേശരാജ്യങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിനായി ലബ്‌നാനികളുടെ സായുധശേഷി ഇല്ലാതാക്കുന്നത് ലബ്‌നാനെ പാവയാക്കി മാറ്റും. അതിനുള്ള ശ്രമങ്ങളാണ് യുഎസും ഇസ്രായേലും ചില അറബ് രാജ്യങ്ങളും നടത്തുന്നത്. സ്വയം പ്രതിരോധിക്കാനും കരുത്ത് ആര്‍ജ്ജിക്കാനുമുള്ള ലബ്‌നാന്റെ അവകാശം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ശെയ്ഖ് ഖാസിം കൂട്ടിച്ചേര്‍ത്തു.
