''ഇസ്രായേലി സൈനികര്‍ പരസ്പരം വെടിവയ്ക്കുന്നു''; ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 സൈനികര്‍
തെല്‍അവീവ്: ഗസയില്‍ ഇസ്രായേലി സൈനികര്‍ അബദ്ധത്തില്‍ പരസ്പരം വെടിവച്ച സംഭവങ്ങളില്‍ മാത്രം 78 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ട്. ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളുടെ പോരാളികളെന്ന തോന്നലിലാണ് ഇസ്രായേലി സൈനികര്‍ തന്നെ ഇസ്രായേലി സൈനികരെ വെടിവയ്ക്കുന്നത്. ഗസയിലെ തകര്‍ന്ന കെട്ടിടങ്ങളും അപരിചിതമായ ഭൂമിശാസ്ത്രവും ഇസ്രായേലി സൈനികരില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ പോലും പ്രതിരോധ പ്രവര്‍ത്തകര്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ആരൊക്കെയാണ് ശത്രുവെന്ന് പോലും മനസിലാക്കാത്ത അവസ്ഥയിലാണ് ഇസ്രായേലി സൈനികരുള്ളതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
2023 ഒക്ടോബര്‍ മുതല്‍ 899 ഇസ്രായേലി സൈനികരാണ് കൊല്ലപ്പെട്ടത്. ഗസയിലെ കരയാക്രമണത്തില്‍ കൊല്ലപ്പെട്ട 455 പേരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ പ്രസ്ഥാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടാതെ വ്യോമസേനയെ ആശ്രയിക്കുന്നതിനാല്‍ മാത്രമാണ് ഇസ്രായേലി സൈന്യത്തില്‍ വ്യാപകമായ ആള്‍നാശമുണ്ടാവാത്തത്.അതേസമയം, ശനിയാഴ്ച ഗസ മുനമ്പില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു. ക്ഫിര്‍ ബ്രിഗേഡിലെ ഷിംഷണ്‍ ബറ്റാലിയന്റെ പ്ലാറ്റൂണ്‍ കമാന്‍ഡറാണ് കൊല്ലപ്പെട്ടത്.