സന്‍ആ: യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടെന്ന് അന്‍സാറുല്ല. 142 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധഹ്ബാന്‍ വൈദ്യുതി നിലയം, റിന്യൂവബിള്‍ എനര്‍ജി ജനറല്‍ അതോറിറ്റി എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം. ഈ ആക്രമണത്തില്‍ ഊര്‍ജമന്ത്രാലയം ഉദ്യോഗസ്ഥനായ മന്‍സൂര്‍ അബ്ദു അബ്ദുല്ലാ ഹസാമും നാല് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായും അന്‍സാറുല്ല സ്ഥിരീകരിച്ചു. ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയുമാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഫലസ്തീനികള്‍ക്കുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കാന്‍ മാത്രമേ ഈ ആക്രമണങ്ങള്‍ കാരണമാവൂയെന്നും പ്രസ്താവന പറയുന്നു. ഏകദേശം 20 യുദ്ധവിമാനങ്ങളും 60 ബോംബുകളും ഉപയോഗിച്ചാണ് ഇത്തവണ ഇസ്രായേല്‍ യെമനെ ആക്രമിച്ചത്. എന്നാല്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏതാനും വിമാനങ്ങളെ അന്‍സാറുല്ല തുരത്തി.