ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Update: 2024-04-10 17:17 GMT

ഗസ സിറ്റി: ഈദ് ദിനത്തില്‍ ഗസയിലെ അഭയാര്‍ഥി ക്യാമ്പ് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു.

മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മാഈല്‍ ഹനിയ്യ അല്‍ ജസീറയോട് സ്ഥിരീകരിച്ചു. 'രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങള്‍ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങള്‍ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നല്‍കും' -ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.

ഹസിം ഹനിയ്യ, മകള്‍ അമല്‍, ആമിര്‍ ഹനിയ്യ, മകന്‍ ഖാലിദ്, മകള്‍ റസാന്‍, മുഹമ്മദ് ഹനിയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ നേരത്തെ ഇസ്മാഈല്‍ ഹനിയ്യയുടെ 60ഓളം കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തില്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ പൈശാചികതയെന്ന് വിശേഷിപ്പിച്ച ഇസ്മാഈല്‍ ഹനിയ്യ, ബന്ധുക്കളെയും വീടുകളെയും ഇസ്രായേല്‍ ലക്ഷ്യംവെച്ചാലും ഫലസ്തീന്‍ നേതാക്കള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും പറഞ്ഞു.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്റെ മക്കളെ ലക്ഷ്യമിട്ടത് വഴി ഹമാസിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീന്‍ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ വിലയുള്ളതല്ല എന്റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ് -ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.

Tags:    

Similar News