ഗോലാന്‍ കുന്നുകള്‍ സിറിയക്ക് തിരികെ നല്‍കില്ലെന്ന് ഇസ്രായേല്‍

Update: 2025-06-30 14:12 GMT

തെല്‍അവീവ്: സിറിയയുമായും ലബ്‌നാനുമായും ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്ന് ഇസ്രായേലി വിദേശകാര്യമന്ത്രി ഗിഡിയണ്‍ സഅര്‍. 1967ല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ സിറിയയുമായുള്ള ചര്‍ച്ചയില്‍ വിഷയമാവില്ലെന്നും ഗിഡിയണ്‍ പറഞ്ഞു. ഗോലാന്‍ കുന്നുകള്‍ ഇനിയെന്നും ഇസ്രായേലിന്റേതായിരിക്കുമെന്നും ഗിഡിയണ്‍ അവകാശവാദം ഉന്നയിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടാല്‍ സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ ഷറയും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് യുഎസിലെ പ്രമുഖ ജൂതനായ റാബി എബ്രഹാം കൂപ്പര്‍ പറഞ്ഞത്. അഹമദ് അല്‍ ഷറയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് എബ്രഹാം കൂപ്പര്‍ ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി മീറ്റിങ്ങിന് ഇരുവരും ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച്ച നടത്താനാണ് പ്രാഥമിക ധാരണ.