ഗസ: ഗസ നഗരത്തില്‍ വ്യാപകമായ ആക്രമണം നടത്തി ഇസ്രായേല്‍, പുലര്‍ച്ചെ മുതല്‍ ഉണ്ടായ ഇസ്രായേലി ആക്രമണങ്ങളില്‍ കുറഞ്ഞത് 28 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഗസ സിറ്റിയില്‍ മാത്രം 16 പേര്‍ മരിച്ചതായാണ് വിവരം. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം കുറഞ്ഞത് 62 പേരെ കൊലപ്പെടുത്തിയതായി ഗസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ ദിവസം പട്ടിണി മൂലം അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയും മരിച്ചതോടെ, യുദ്ധത്തിലുടനീളം 131 കുട്ടികളുള്‍പ്പെടെ മൊത്തം മരണസംഖ്യ 367 ആയി ഉയര്‍ന്നതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ ഏതൊരു നീക്കവും ഒരു 'ചുവപ്പ് രേഖ' ആയിരിക്കുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി.