ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ജെറുസലേമിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇസ്രായേല്‍
സ്വത്തുക്കള്‍ക്ക് അധിക നികുതിയും ഏര്‍പ്പെടുത്തി
അധിനിവേശ ജെറുസലേം: ജെറുസലേമിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇസ്രായേലി സര്‍ക്കാര്‍. ചര്‍ച്ചിന് കീഴിലുള്ള സ്വത്തുക്കള്‍ക്കുള്ള നികുതിയും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഫലസ്തീനികള്‍ക്ക് ആത്മീയവും സാമൂഹികവും മാനുഷികവുമായ സേവനങ്ങള്‍ നല്‍കാനുള്ള ചര്‍ച്ചിന്റെ ശേഷിയെ ഇസ്രായേലി സര്‍ക്കാര്‍ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് ചര്‍ച്ചിന്റെ ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി പറഞ്ഞു. ഫലസ്തീനിലെ ചരിത്രപരമായ തല്‍സ്ഥിതിക്കും അന്താരാഷ്ട്ര കരാറുകള്‍ക്കും എതിരാണ് ഇസ്രായേലി സര്‍ക്കാരിന്റെ നടപടി. ജെറിക്കോയിലെ സെന്റ് ജെറാസിമോസ് മൊണാസ്ട്രിയുടെ സമീപം വരെ ജൂത കുടിയേറ്റക്കാര്‍ താമസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജെറുസലേമിന്റെ മതപരവും സാംസ്‌കാരികവുമായ സ്വത്വം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. വിശുദ്ധനഗരത്തിലെ ദേവാലയങ്ങള്‍ക്കെതിരായ ആക്രമണമാണ് ഇവയെല്ലാം. ക്രിസ്ത്യാനികളെ അപ്രത്യക്ഷരാക്കാനും മതപരമായ സ്ഥാപനങ്ങള്‍ ഇല്ലാതാക്കാനും ശ്രമം നടക്കുന്നു. ഇസ്രായേലി സര്‍ക്കാര്‍ തീരുമാനത്തെ ഫലസ്തീനി സംഘടനകള്‍ അപലപിച്ചു.