ഗസയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനം നിഷേധിക്കുന്നത് തുടര്‍ന്ന് ഇസ്രായേല്‍
ഗസ: ഗസയിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുടര്‍ന്ന് ഇസ്രായേല്‍. ഗസയില്‍ നിന്നുള്ള റിപോര്‍ട്ടിങിന് അന്താരാഷ്ട്ര പത്രപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും സ്വതന്ത്രമായ പ്രവേശനം അനുവദിച്ചിട്ടില്ല.
സീല്‍ ചെയ്ത എന്‍ക്ലേവിലേക്ക് മാധ്യമപ്രവര്‍ത്തകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന ഫോറിന്‍ പ്രസ് അസോസിയേഷന്റെ (എഫ്പിഎ) അഭ്യര്‍ഥന സംബന്ധിച്ച് ഇന്ന് ജറുസലേമിലെ പരമോന്നത കോടതിയില്‍ വാദം കേട്ടിരുന്നുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, വിഷയത്തില്‍ വ്യക്തമായ നിലപാട് അവതരിപ്പിക്കാന്‍ കോടതി ഇസ്രായേല്‍ സര്‍ക്കാരിന് 30 ദിവസം കൂടി സമയം അനുവദിച്ചു.
ഗസ മുനമ്പിലേക്കുള്ള പ്രവേശനം പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേല്‍ ഗസയില്‍ വംശഹത്യ ആരംഭിച്ചതിനുശേഷം, വിദേശ പത്രപ്രവര്‍ത്തകര്‍ക്ക് ഇസ്രായേല്‍ സൈന്യത്തോടൊപ്പം ഗസ മുനമ്പ് ഇടയ്ക്കിടെ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇസ്രായേലിന്റെ ആക്രമങ്ങളെ അതിജീവിച്ചുകൊണ്ടാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ ജീവന്‍ പോലും അപകടത്തിലാണെന്നറിഞ്ഞിട്ടും സാധ്യമായ രീതിയിലെല്ലാം അവിടത്തെ യാഥാര്‍ഥ്യങ്ങള്‍ അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. 2023ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ 200ലധികം മാധ്യമപ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.
