ഇറാനെ ആക്രമിക്കാന്‍ 50 ചാരസംഘടനകള്‍ ഇസ്രായേലിനെ സഹായിച്ചെന്ന്

Update: 2025-10-24 13:18 GMT

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കാന്‍ 50ല്‍ അധികം ചാരസംഘടനകള്‍ ഇസ്രായേലിനെ സഹായിച്ചെന്ന് ഇറാന്‍ രഹസ്യാന്വേഷണ മന്ത്രി ഇസ്മാഈല്‍ ഖാത്വിബ്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ അടക്കം സഹായിച്ചതിനാലാണ് ഇസ്രായേലിന് ഇറാനെ ആക്രമിക്കാന്‍ സാധിച്ചതെന്ന് ഇസ്മാഈല്‍ ഖാത്വിബ് പറഞ്ഞു. സമഗ്രമായ ഹൈബ്രിഡ് യുദ്ധത്തിലൂടെ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനും ഇറാനെ ശിഥീലീകരിക്കാനും ഇസ്രായേല്‍ പദ്ധതിയിട്ടു. അതിനായി പാശ്ചാത്യരില്‍ നിന്നും നേടിയെടുത്ത എല്ലാ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചു. സിറിയയില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും വിധ്വംസക ശക്തികളെ ഇറാനില്‍ പ്രവേശിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജൂണ്‍ 13നാണ് സയണിസ്റ്റ് ഭരണകൂടം ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ച്ചയായി 12 ദിവസമാണ് അവര്‍ ഇറാനെ ആക്രമിച്ചത്. ജൂണ്‍ 22ന് യുഎസും യുദ്ധത്തില്‍ പങ്കുചേര്‍ന്നു. ഓപ്പറേഷന്‍ ട്രൂപ്രോമിസ്-3 വഴിയാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. യുഎസ് ആക്രമണങ്ങള്‍ക്ക് പ്രതികാരമായി, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തിന് നേരെയും ഇറാന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. അതോടെ യുഎസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുകയായിരുന്നു.