'സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ലേ?'; പോലിസിനെതിരേ ജാസ്‌ലിയയുടെ കുടുംബം
ആറു ദിവസമായി അപകടം നടന്നിട്ടും പ്രതിയെ പിടികൂടിയിട്ടില്ലെന്ന് ജാസ്‌ലിയയുടെ കുടുംബം
കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ ബി.കോം വിദ്യാര്‍ഥിനി ജസ്ലിയ മരിച്ച സംഭവത്തില്‍ പോലിസിനെതിരേ ആരോപണങ്ങളുമായി കുടുംബം. അപകടം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയായ ഡോക്ടര്‍ സിറിയക് പി ജോര്‍ജിനെ പിടികൂടാത്തത് പോലിസിന്റെ വീഴ്ചയാണെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സാങ്കേതിക വിദ്യ ഇത്രത്തോളം വളര്‍ന്നിട്ടും പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാന്‍ എന്താണ് ഇത്ര താമസമെന്ന് ജസ്ലിയയുടെ പിതാവ് ജോണ്‍സണ്‍ ചോദിച്ചു. പ്രതി ഡോക്ടറാണ്. സമ്പന്ന കുടുംബമാണ് പ്രതിയുടേതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ഇവിടെ വിലയില്ലേയെന്നും ജാസ്‌ലിയയുടെ സഹോദരന്‍ ജാസിന്‍ ചോദിച്ചു. പ്രതി സമ്പന്ന കുടുംബാംഗമായതിനാലാണ് പോലിസ് നടപടി വൈകിപ്പിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പരിക്കേറ്റ ഉടനെ വണ്ടി നിര്‍ത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ എന്റെ മകള്‍ ഇന്ന് കൂടെയുണ്ടാകുമായിരുന്നു. ഒരു ഡോക്ടര്‍ക്ക് എങ്ങനെയാണ് ഇത്രയും ക്രൂരത കാട്ടാന്‍ കഴിയുന്നത്? എന്ന് ലിമ ചോദിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഫോട്ടോ എടുക്കാന്‍ പോലും പോലിസ് സമ്മതിച്ചില്ലെന്നും, ഇതുവരെ തങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും കുടുംബം പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള സമയം പോലും പോലിസ് വൈകിപ്പിച്ചു നല്‍കിയെന്നും അവര്‍ ആരോപിച്ചു.
അതേസമയം, പോലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജ് കോട്ടയം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാന്‍ ബാധ്യസ്ഥനായ ഒരു ഡോക്ടര്‍ തന്നെ അപകടം വരുത്തി നിര്‍ത്താതെ പോയത് ഗുരുതരമായ കുറ്റമാണെന്നും, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലിസ് വ്യക്തമാക്കി. ജസ്ലിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രതിഷേധത്തിലാണ്.
